Pathuvinte Patt

Anoop Sajid PM | May 09, 2020
എനിക്ക് തിയെറ്ററിൽ പോയി സിനിമ കാണാൻ പേടിയാ. എന്നാലും കണ്ടിട്ടോക്കെയുണ്ട് ട്ടോ. ചില സിനിമയിലൊക്കെ അടിയും ബഹളവും ഒക്കെ യുണ്ടാവും. ലൈറ്റ് ഒക്കെ ഓഫ് ആക്കി അതൊക്കെ കാണുമ്പോ എങ്ങനെ പേടിക്കാതിരിക്കും.
0 view(s)
Share0 heart(s)Share0 share(s)

എനിക്ക് തിയെറ്ററിൽ പോയി സിനിമ കാണാൻ പേടിയാ. എന്നാലും കണ്ടിട്ടോക്കെയുണ്ട് ട്ടോ. ചില സിനിമയിലൊക്കെ അടിയും ബഹളവും ഒക്കെ യുണ്ടാവും. ലൈറ്റ് ഒക്കെ ഓഫ് ആക്കി അതൊക്കെ കാണുമ്പോ എങ്ങനെ പേടിക്കാതിരിക്കും. അതോണ്ട്, നമുക്ക് ആ സിനിമ കാണാൻ പോവാം... ഈ സിനിമ കാണാൻ പോവാം... എന്നൊക്കെ പപ്പാ പറയുമ്പോ തന്നെ ഞാൻ കരയാൻ തുടങ്ങും! പിന്നെ ഐസ് ക്രീം ഒക്കെ കിട്ടുമെന്ന് തോന്നുമ്പോ ഞാൻ ഒരു വിധത്തിൽ അടങ്ങും.. എന്നാലും ഒരു ശ്വാസം മുട്ടൽ ആണ് സിനിമ കഴിയുന്നതു വരെ. പത്തു മിനിറ്റു കഴിയുമ്പോ തൊട്ടു ചോദിച്ചോണ്ടിരിക്കും എപ്പോ തീരും എപ്പോ തീരും എന്ന്. ദാ ഇപ്പൊ കഴിയും ... കഴിയാറായി... എന്ന് പപ്പയും പറഞ്ഞോണ്ടിരിക്കും!
സമിക്കുട്ടനു (എന്റെ അനിയൻ) ഒരു വയസ്സാകുന്നതിനു മുന്പാണ് ഞാനും പപ്പേം കൂടെ ഒന്നിച്ചു ഒരു പടത്തിനു പോയത്, സമിക്കുട്ടൻ കുഞ്ഞായത് കൊണ്ട് അവനേം മമ്മയേം കൊണ്ടോയില്ല ! എത് സിനിമയാണെന്നറിയണ്ടേ?.. "കത്തി" (വിജയുടെ പടം).

അതിലാണെങ്കി നിറയെ അടിയും കുത്തും ബഹളവും!! തിയെറ്റരിൽ കേറുമ്പോ തന്നെ വാങ്ങി തന്ന ഐസ് ക്രീം തീർന്നപ്പൊ തൊട്ടു ഞാൻ ചോദിക്കാൻ തുടങ്ങി, നമുക്ക് പോവാം ... പോവാം... എന്ന്! പപ്പ അപ്പൊ പലതും പറഞ്ഞു നോക്കി... അതിന്റെ കഥയൊക്കെ പറഞ്ഞു മനസ്സിലാക്കിച്ചു തന്നു... ഒരു വിധത്തിൽ ഞാൻ കണ്ടു തീർത്തു! കഴിഞ്ഞപ്പോ പപ്പ ചോദിച്ചു: "ഇപ്പോ എങ്ങനുണ്ട്.. സൂപ്പർ സിനിമയല്ലേ?"

"അല്ല!!... എനിക്കിഷ്ടപ്പെട്ടില്ല!" ഞാൻ.

"അതെന്താ?"

"അടിക്കുന്നതും കൊല്ലുന്നതുമൊക്കെ കണ്ടപ്പോ എനിക്ക് പേടിയായി,.. "

"അത് പിന്നെ ഇങ്ങോട്ട് അടിക്കാൻ വന്നാ പിന്നെ തിരിച്ച്ചടിക്കണ്ടേ...!" പപ്പ പറയുന്നത് കേട്ടപ്പോ എനിക്ക് മനസ്സിലായി പപ്പക്ക് നല്ല ഇഷ്ടായി എന്ന്. അപ്പൊ എനിക്കും തോന്നി, അത് ശെരിയാ, ആ ചേട്ടൻ ഇല്ലാരുന്നെങ്കി (വിജയ്) ആ പാവം അങ്കിൾ മാരെ ആ ആള്ക്കാര് കൊന്നു കളഞ്ഞേനെ!

തിയെറ്റരിൽ കണ്ടപ്പോ പെടിയായെങ്കിലും, പിന്നീട് ടീവിയിൽ "കത്തി" എപ്പോ വന്നാലും എനിക്ക് അത് കാണണം. മാത്രവുമല്ല വിജയ് ചേട്ടന്റെ ഏതു സിനിമ ടീവിയിൽ വരുമ്പോളും കാണാൻ എന്തോ ഒരു ഇഷ്ടം! പിന്നെ... ഒരു പ്രധാന കാര്യം പാട്ടുകളാണ്! കത്തിയിലെ പാട്ടുകൾ എവിടെ കേട്ടാലും ഭയങ്കര ഇഷ്ടമാണ്! സെൽഫി പുള്ളേ... ഉമ്മാ ... ഉമ്മാ... അടിപൊളി പാട്ടല്ലേ ;)

പാട്ട് കാരണം മാത്രം ഇഷ്ടപ്പെട്ട പടങ്ങൾ പിന്നേം ചിലതൊക്കെ കണ്ടു ട്ടോ... പ്രേമം (ആലുവാ പുഴ, അവള് വേണ്ട്രാ...) ഒക്കെ അങ്ങനെ ഇഷ്ടപ്പെട്ടതാണ്. പക്ഷെ ആ പടം എന്തായിരുന്നു കഥ? എനിക്കൊന്നും മനസ്സിലായില്ല!! പപ്പയും മമ്മയും ഇരുന്നു കുറെ ചിരിക്കുന്നതും കയ്യടിക്കുന്നതുമൊക്കെ കണ്ടു! എന്താ ഇപ്പൊ അവര് പറഞ്ഞത് ന്നു ഞാൻ ചോദിക്കുമ്പോ പറഞ്ഞു തരില്ല! അത് പിന്നെ പറയാം... ഇപ്പൊ കാണു! എന്ന് സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ പറയും. പറഞ്ഞു തരുമ്പോ സ്ക്രീനിൽ നിന്ന് കണ്ണ് മാറ്റണമല്ലോ... അതാ.. ഹും!

ഇപ്പൊ വന്ന് വന്ന് തിയെറ്റരിൽ എത്തീട്ടെ ഞാൻ അറിയൂ സിനിമ കാണാൻ ആയിരുന്നു ഞങ്ങൾ പുറപ്പെട്ടത് എന്ന്! ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിക്കില്ലല്ലോ.. അതാ!!. "കുഞ്ഞി രാമായണം" കാണാൻ അമ്മൂമ്മേം (മമ്മയുടെ മമ്മ) ഉണ്ടാരുന്നു ഞങ്ങടെ കൂടെ. കേറിയപ്പോ ഞാൻ പപ്പയോടു ദേഷ്യപ്പെട്ടു, "എന്തിനാ ഇവിടെ വന്നത്... നമുക്ക് പോവാം".

"നിന്റെ ഇഷ്ടപ്പെട്ട പാട്ട് ഉണ്ട് ഈ സിനിമയിൽ... പാവാട തുംബാലെ തട്ട്യാലും..., അതോണ്ട് വന്നതാ" പപ്പ പറഞ്ഞു.

"അത് നമുക്ക് വീട്ടിന്നു കേള്ക്കാം... വാ പോവാം" ഞാൻ.

"ഏതായാലും വന്നില്ലേ... ഇനി കണ്ടിട്ട് പോവാം. നിനക്ക് കാണേണ്ട എങ്കിൽ നീ ഉറങ്ങിക്കോ കേട്ടോ" മമ്മ ദേഷ്യപ്പെട്ടു.

അങ്ങനെ ആ പടവും കണ്ടു. ഭാഗ്യം, അതിൽ അടിം ബഹളോന്നുമുണ്ടായിരുന്നില്ല! പക്ഷെ പപ്പ പറഞ്ഞ പോലെ ആ പാട്ട് സിനിമയിൽ കണ്ടതുമില്ല! "അതെന്തു പറ്റി?" പപ്പയും കൻഫുഷൻ ആയി!

ഒടുവിൽ ആദ്യമായി തിയെറ്റരിൽ പോയി കണ്ട ഒരു പടം എനിക്ക് നല്ല ഇഷ്ടമായി! ഏതാണെന്ന് പറയാമോ? "അമർ അക്ബർ അന്തോണി".

ആ സിനിമേല് ഒരു അടിപൊളി പാട്ടുണ്ട്! അതിലെ പാത്തുകുട്ടി പാടുന്ന പാട്ട്! "എന്നോ ഞാനെന്റെ മുറ്റത്തോരറ്റത്ത് ...". അതൊരുഗ്ഗ്രൻ പാട്ടാണ്! സിനിമ കാണുന്നതിനു മുൻപേ എനിക്ക് ആ പാട്ട് നല്ല ഇഷ്ടപ്പെട്ടിരുന്നു. കണ്ടപ്പോ ഒന്നുകൂടി ഇഷ്ടം കൂടി.

വീട്ടില് വന്നപ്പോ തൊട്ടു അത് കീബോഡിൽ വായിക്കാൻ ശ്രമം തുടങ്ങി... ശേരിയാവേം കൂടെ ചെയ്തപ്പോ ഞാൻ വെരി ഹാപ്പി. പപ്പക്കും മമ്മക്കും ആ പാട്ട് കീബോഡിൽ വായിച്ചു കേള്പ്പിച്ചു കൊടുക്കാൻ തുടങ്ങി. കൊള്ളാം... വായിച്ചതു കറക്റ്റ് ആണ് എന്ന് പറഞ്ഞു പപ്പ ഷേക്ക് ഹാൻഡ് തന്നപ്പോ വെരി വെരി ഹാപ്പി :)

"പപ്പാ ,.. എനിക്കതിന്റെ വരികൾ എടുത്തു തരോ? പാടി നോക്കാനാ!" എന്ന് ഞാൻ പറയേണ്ട താമസം പപ്പ അത് മൊബൈലിൽ എടുത്തു തന്നു. പിന്നാലെ അതിന്റെ മുസിക്കും (കരോക്കെ).

പിന്നെയങ്ങോട്ട് ആ പാട്ട് തന്നെ ഏതു നേരവും. മമ്മ ക്കാണെന്കിൽ കേട്ട് കേട്ട് മടുത്തു! ഞാൻ നിറുത്തുമോ! പിന്നീം പിന്നീം പാടി കൊണ്ടിരുന്നു.

അങ്ങനെ ഒരു സൺഡേ, പപ്പ അത് എന്നെ കൊണ്ട് മുസിക്കിന്റെ കൂടെ പാടിച്ചു പപ്പേടെ മൊബൈലിൽ റെക്കോർഡ് ചെയ്തു. റെക്കോർഡ് ചെയ്തു കേട്ടപ്പോ മമ്മക്കും ഇഷ്ടമായി ന്നു തോന്നുന്നു. ചില വരികളൊക്കെ പപ്പ പിന്നേം പിന്നേം പാടിച്ചു ശെരിയാക്കിച്ചു.

സമയം കിട്ടുമെങ്കിൽ ഞാൻ പാടിയത് കേട്ടിട്ട് ഇഷ്ടമായോ എന്ന് പറയോ? മുഴുവനും ശെരിയായിട്ടൊന്നുമില്ല ട്ടൊ. എന്നാലും നിങ്ങള് കേട്ടിട്ട് പറയണേ.

എന്നാ പിന്നെ ഞാൻ പോയിട്ട് പിന്നെ വരാം. റ്റാ റ്റാ ... ബൈ ബൈ. :)



You might be interested in :